കോഴിക്കോട് : വരുംദിവസങ്ങളിൽ വലിയ ഉള്ളിയുടെ വില കുറയുമെന്ന് മൊത്തവ്യാപാരികൾ. ഉത്തരാഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽനിന്നും മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും കുറഞ്ഞവിലയിൽ ഉള്ളി എത്തുന്നതാണ് വില താഴാൻ കാരണമായി വ്യാപാരികൾ പറയുന്നത്.കഴിഞ്ഞമാസം ഈജിപ്റ്റ്, തുർക്കി എന്നിവിടങ്ങളിൽനിന്ന് ഉള്ളി ഇറക്കുമതി ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ വൻകിട മൊത്തവ്യാപാരികൾ ഉള്ളിവില വൻതോതിൽ ഉയരുമെന്ന പ്രതീക്ഷയിൽ മൊത്തമായി വാങ്ങി സൂക്ഷിച്ചതിനാൽ കേരളവിപണിയിൽ ഒക്ടോബർ അവസാനവാരം 100 രൂപയ്ക്കു മുകളിലായിരുന്നു വില. എട്ട് കണ്ടെയ്‌നറുകളിലായി മൊറോക്കോയിൽനിന്നും 200 ടൺ ഉള്ളി മാർകെറ്റിൽ എത്തികഴിഞ്ഞു. തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മഴക്കെടുതിയുണ്ടായതും ഉള്ളിവില വൻതോതിൽ ഉയരാൻ ഇടയാക്കി. അപ്പോഴാണ് സംസ്ഥാനത്തെ മൊത്ത വ്യാപാരികൾ ഉള്ളി ഇറക്കുമതിചെയ്യാൻ തീരുമാനിച്ചത്. ഒന്നരമാസംമുമ്പ് ആവശ്യപ്പെട്ട ഇറക്കുമതി ഉള്ളിയാണ് ഇപ്പോൾ വ്യാപാരികളിലേക്ക് എത്തുന്നത്.
200 ടൺ മൊറോക്കോ ഉള്ളി എത്തി ; വില കുറയുമെന്ന് വ്യാപാരികൾ
